Kerala
തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മേയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾകൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
District News
ഇരിട്ടി: ഇരിട്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ഇന്നല്ലെങ്കിൽ നാളെ പൂട്ടുവീഴും. കടുത്ത പാചകവാതക ക്ഷാമമാണ് 30 രൂപക്ക് ഉച്ചയൂണ് വിളമ്പിയിരുന്ന കുടുംബശ്രീ ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയത്.
കോവിഡ് കാലത്ത് സർക്കാർ സഹായത്തോടെ വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഉച്ചയൂണ് നൽകി കൊണ്ടാണ് കുടുംബശ്രീ ഹോട്ടലുകൾ പ്രവർത്തനമാരംഭിച്ചത്. മൂന്നു വർഷത്തോളമായി സർക്കാർ ആനുകൂല്യങ്ങൾ നിലച്ചതോടെ കുടുംബശ്രീ ഹോട്ടലുകൾ ഉച്ചയൂണിന് 30 രൂപയാക്കി ഉയർത്തിയിരുന്നു.
മറ്റ് സ്വകാര്യ ഹോട്ടലുകൾ 60 രൂപയ്ക്ക് ഉച്ചയൂണ് വിളമ്പുമ്പോഴാണ് കുടുംബശ്രീ ഹോട്ടലുകൾ പാതി വിലക്ക് ഊണ് നൽകുന്നത്. പാചകവാതക വിതരണ മേഖല സ്തംഭിച്ചതോടെ കൂലി തൊഴിലാളികളും യാത്രക്കാരും ആശ്രയിച്ചു വന്നിരുന്നു കുടുംബശ്രീ ഹോട്ടലുകൾക്ക് ഏതു നിമിഷവും പൂട്ട് വീഴുന്ന സാഹചര്യമാണ്.
വള്ളിത്തോട് പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ വനിതാ ഹോട്ടൽ പാചകവാതകം ലഭിച്ചില്ലെങ്കിൽ അടച്ചിടേണ്ടി വരുമെന്ന് നടത്തിപ്പുകാരി ഉഷേച്ചി പറയുന്നു. പാചകവാതകത്തിനായി ഏജൻസിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഫോൺ പോലും എടുക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്.
കല്ലുമുട്ടിയിലെ വനിത ഹോട്ടലിലും സ്ഥിതി മറ്റൊന്നുമല്ല. ഇവിടെ അഞ്ച് വനിതകൾക്കാണ് വരുമാനം നഷ്ടപ്പെടുന്നത്. കൂടിവന്നാൽ ഈ ആഴ്ച കൂടി പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സുമ രവീന്ദ്രൻ പങ്കുവയ്ക്കുന്നത്. വിറകടുപ്പിനെ ആശ്രയിച്ച് ഹോട്ടൽ തുറന്ന് പ്രവർത്തിക്കുക പ്രയാസമാണെന്നും ഇവർ പറയുന്നു. വേണ്ടത്ര സ്ഥലസൗകര്യങ്ങൾ ഇല്ലാത്തതാണ് വിറകടുപ്പ് ഉപയോഗിക്കുന്നതിൽ വനിതാ ഹോട്ടലുകൾ നേരിടുന്ന വെല്ലുവിളി. ഇതേ സാഹചര്യം തന്നെയാണ് മറ്റ് പഞ്ചായത്തുകളിലും വനിത ഹോട്ടൽ സംരംഭകരും നേരിടുന്നത്.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ. ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല.
നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ നിന്നും മേൽശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്ക് ദീപം കൈമാറും.
അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളിൽ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാന്-അമേരിക്ക ആണവ ചർച്ചയുടെ തുടർച്ച നാളെ ജനീവയിൽ നടക്കും. അമേരിക്കയിൽനിന്നു പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും പങ്കെടുക്കുമെന്നാണു സൂചന.ഇറാനിൽനിന്നു വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തേക്കും. പരോക്ഷ ചർച്ചയിൽ ഒമാന്റെ മധ്യസ്ഥത തുടരും.
ഇതിനിടെ, ഉപരോധം പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് അമേരിക്ക സന്നദ്ധത കാട്ടിയാൽ ഇറാൻ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യ ഉപ മന്ത്രി മജീദ് തക്ത് റവാഞ്ചി പറഞ്ഞു. പന്ത് അമേരിക്കയുടെ കോർട്ടിലാണെന്നും അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു.
ആണവവിഷയത്തിൽ ധാരണ ഉണ്ടായില്ലെങ്കിൽ ഇറാനെതിരേ ആക്രമണം വേണ്ടിവരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുള്ളത്. ട്രംപിന്റെ ഉത്തരവു ലഭിക്കുന്ന പക്ഷം ഇറാനെതിരേ ആഴ്ചകൾ നീളുന്ന സൈനിക നടപടിക്കു യുഎസ് സേന തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതിനിടെ, ട്രംപ് പശ്ചിമേഷ്യയിലേക്കു മറ്റൊരു വിമാനവാഹിനി യുദ്ധക്കപ്പൽകൂടി അയച്ചു.
പ്രസിഡന്റ് ട്രംപിനു താത്പര്യം ധാരണ ഉണ്ടാക്കുന്നതിലാണെന്നും എന്നാൽ, ഇറാനുമായി ധാരണ ഉണ്ടാക്കുന്നതു വളരെ വളരെ വിഷമംപിടിച്ച കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലിയുള്ള ഭരണമുന്നണിയിലെ തർക്കം തീർക്കാൻ നാളെ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും.
നാളെയാണ് ആലപ്പുഴയിൽ സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐ തീരുമാനം. ബഹറിനിൽനിന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തി.
നാളെ ബിനോയ് വിശ്വത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കാൻ സാധ്യതയുണ്ട്. അതിൽ സമവായമില്ലെങ്കിൽ സിപിഐ സെക്രട്ടറിയേറ്റിലെ ധാരണപ്രകാരം കടുപ്പിക്കും. മന്ത്രിമാർ കാബിനറ്റിൽ നിന്ന് വിട്ടുനിൽക്കും. അടുത്ത ഘട്ടമായി രാജി. ആ നിലയിലേക്കാണ് പാർട്ടിയിലെ ചർച്ചകൾ.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്മുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സൽ ചൊവ്വാഴ്ച നടക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക.
രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖാ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്ന് പമ്പയിലെത്തി വീണ്ടും സുരക്ഷ വിലയിരുത്തും. നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ചൊവ്വാഴ്ച കേരളത്തിലെത്തും.
വൈകുന്നേരം 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും.
റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. 11.55 മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകുന്നേരം 5.30ന് രാജ്ഭവനിൽ മടങ്ങിയെത്തും.